പ്രശസ്ത ചരിത്ര ഗവേഷകനും എഴുത്തുകാരനുമായ എം ജി എസ് നാരായണന്‍ അന്തരിച്ചു
കേരളത്തിന്റെ ചരിത്ര ഗവേഷണ രംഗത്ത് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രൗഢനായ ചരിത്ര പണ്ഡിതന്‍ പ്രൊഫസര്‍ എം.ജി.എസ്. നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഒന്നര പതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര വിഭാഗ മേധാവിയായി സേവനം അനുഷ്ഠിച്ച എം.ജിഐ.എസ്, കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില മോശമാവുകയായിരുന്നു. 1932-ല്‍ പൊന്നാനിയില്‍ ജനിച്ച നാരായണന്‍, പ്രാഥമിക വിദ്യാഭ്യാസം പരപ്പനങ്ങാടി, പൊന്നാനി എ.വി. സ്കൂളുകളില്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കോളജ്, ഫാറൂഖ് കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം, 22-ആം വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. അതിനുശേഷം യുജിസി ഫെലോഷിപ്പിന്റെ അടിസ്ഥാനത്തില്‍ ചരിത്ര ഗവേഷണത്തിലേക്ക് കടന്നു. പുരാതന ഇന്ത്യന്‍ ലിപികളായ ബ്രാഹ്മി, ഗ്രന്ഥം എന്നിവയില്‍ വിദഗ്ധത നേടിയിരുന്നു. തമിഴ് ഭാഷയും ക്ലാസിക്കല്‍ സംസ്‌കൃതവും പഠിച്ചു. കൊടുങ്ങല്ലൂരിലെ പുരാവസ്തു ഗവേഷണങ്ങളിലും (1969-70) ശ്രദ്ധേയ പങ്കാളിത്തം വഹിച്ചു. കേരളത്തിലെ ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്ത് ലിഖിതങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിക്കുകയും, കേരള ചരിത്രത്തെ വളരെയേറെ സമ്പന്നമാക്കുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിവിധ അധ്യയന സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും സന്ദര്‍ശക പ്രൊഫസറായി സേവനം അനുഷ്ഠിച്ചു — ലണ്ടന്‍, മോസ്‌കോ, ടോക്കിയോ തുടങ്ങിയ നഗറുകളില്‍ വിവിധ ഗവേഷണ പദവികള്‍ വഹിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായും, ഫസ്റ്റ് മെംബര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.